പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിലെ സന്യാസ മാർഗ്ഗവും സന്യാസ സ്വഭാവവും
ഡോക്ടർ മാർട്ടിൻ തോമസ് ആൻറണി
സന്യാസ ജീവിതം എന്നത് ആത്മീയമായ ലക്ഷ്യങ്ങളിലേക്ക് പരമമായ ദൈവാനുഭവത്തിലേക്കോ എത്തിച്ചേരുന്നതിനായി ഭൗതിക സുഖങ്ങളെയും ലോകീയ അഭിലാഷങ്ങളെയും വിട്ടുനിൽക്കുകയും ശാരീരികവും മാനസികവുമായ ആഗ്രഹങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു ജീവിത രീതിയാണ്. സന്യാസം പല മതങ്ങളിലും കാണപ്പെടുന്നു. ലോക ബന്ധങ്ങളിൽ നിന്ന് മോചിതൻ ആകാനോ ആത്മശുദ്ധി നേടാനോ ദൈവസന്നിധിയിലേക്കുള്ള ഏകത കൈവരിക്കാനോ ലക്ഷ്യമാക്കുന്ന ഒരു സമാന്തര ജീവിതമാണ് അത്. എന്നാൽ ക്രിസ്തീയ സന്യാസ ജീവിതം അതിൽ നിന്ന് വ്യത്യസ്തമാണ്. അത് ഒരു വ്യക്തിയുടെ ഒറ്റപ്പെട്ട ആത്മീയ പരിശ്രമം അല്ല മറിച്ച് സഭയുടെ ഉള്ളിൽ സഭയ്ക്കായി സഭയായി തന്നെ ജീവിക്കുന്ന ജീവിത രീതിയാണ്. അതുകൊണ്ട് സന്യാസ ആശ്രമങ്ങൾ ഒരു അണുസഭയായി അഥവാ മൈക്രോസഭയായി പ്രവർത്തിക്കുന്നു. വലിയ സഭയായ മാക്രോസഭയെ പരിപോഷിപ്പിക്കുകയും വളർത്തുകയും ചെയ്യുന്ന ആത്മീയ കേന്ദ്രങ്ങളായി അതു മാറുന്നു. ക്രിസ്തീയ സന്യാസജീവിതം ആദിമസഭയുടെ തുടർച്ചയാണ്. അന്നത്തെ വിശ്വാസികൾ ഉടനെ വരാനിരിക്കുന്ന മിശിഹായുടെ രണ്ടാം വരവിനായി കാത്ത് സുവിശേഷത്തിന്റെ ആത്മാവിൽ ജീവിച്ചു. . കർത്താവിൻറെയും ശ്ലീഹന്മാരുടെയും ഓർ ശലേമിലെ സഭയുടെ പാരമ്പര്യത്തിന്റെ തുടർച്ചയായ സുറിയാനി ക്രിസ്തീയ ധാരയിൽ സന്യാസ ജീവിതത്തിന്റെ സവിശേഷതകൾ അത്യന്തം ശക്തമായ രീതിയിൽ പ്രകടമായിരുന്നു. സുറിയാനി ക്രിസ്തീയ സമൂഹത്തിൻറെ മൗലിക ആത്മീയ സ്വഭാവം തന്നെ സന്യാസം മനോഭാവം ആഴത്തിൽ നിറഞ്ഞിരുന്നതായിരുന്നു.
വേദപുസ്തകത്തിൽ നിന്ന് തന്നെ കാണാവുന്നതുപോലെ മിശിഹായുടെ പ്രാരംഭ സഭ അഥവാ മിശിഹായുടെ അനുയായികൾ സന്യാസ സ്വഭാവമുള്ള ജീവിത രീതിയാണ് നയിച്ചിരുന്നത്. ഈശോമിശിഹായുടെ ആദ്യ ശിഷ്യന്മാർ ആദ്യം യോഹന്നാൻ മാംദാന -സ്നാപകയോഹന്നാന്റെ അനുയായികൾ ആയിരുന്നു. വിശുദ്ധ ഗ്രന്ഥങ്ങളിൽ യോഹന്നാൻ മാംദാന ഒരു സന്യാസിയായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. പല ചരിത്രകാരന്മാരും അദ്ദേഹത്തെ യഹൂദ മതത്തിലെ യസീൻ (Essene ) സമൂഹത്തിന്റെ അംഗമായി കണക്കാക്കുന്നു. മർക്കോസിന്റെ സുവിശേഷത്തിൽ (മർക്കോസ് 1:4-5) യോഹന്നാനെ മരുഭൂമിയിൽ പ്രത്യക്ഷപ്പെട്ടവൻ, ഒട്ടകത്തിൻറെ രോമം കൊണ്ടുള്ള വസ്ത്രം ധരിച്ചവൻ, തേനും കാട്ടുകിഴങ്ങും ഭക്ഷിച്ചവൻ എന്നിങ്ങനെ ചിത്രീകരിച്ചു കാണുന്നു. ഇതൊക്കെ അദ്ദേഹത്തിൻറെ സന്യാസ സ്വഭാവത്തെ വ്യക്തമായി കാണിക്കുന്ന വിവരണങ്ങളാണ്.
ശിമയോൻ കേപ്പായുടെ (Simon Peter) സഹോദരനായിരുന്ന അന്ത്രയോസ് ശ്ലീഹായും യോഹന്നാൻ ശ്ലീഹായും യോഹന്നാൻ മാംദാനയുടെ ശിഷ്യന്മാരിൽ നിന്ന് ഈശോമിശിഹായുടെ ആദ്യ ശിഷ്യന്മാരായി മാറിയവരാണ്. അതുകൊണ്ടുതന്നെ ഈശോമിശിഹായും അവിടുത്തെ ശിഷ്യസമൂഹവും സന്യാസ സ്വഭാവമുള്ള ജീവിതം നയിച്ചവരായിരുന്നു എന്ന് പറയാം.
മിശിഹായുടെ പുനരുത്ഥാനന്തര കാലത്ത് രൂപം കൊണ്ട മെശി യാനിക് അഥവാ ക്രിസ്തീയ സമൂഹത്തെ നാസറിൻസ് (Nazarenes) എന്ന് വിശേഷിപ്പിച്ചു കാണുന്നു. (ശ്ലീഹന്മാരുടെ നടപടി 24 5). നാസറിൻ അഥവാ നസ്രായർ എന്നത് വേദ പുസ്തകത്തിലെ സംഖ്യ 6: 1 2 പറയുന്നതുപോലെ സ്വമേധയാ സന്യാസവൃതം സ്വീകരിച്ചവരാണ്. ശ്ലീഹന്മാരുടെ നടപടി 2: 44- 45ൽ പറഞ്ഞിരിക്കുന്നത് പോലെ ആദിമസഭയിലെ വിശ്വാസികൾ അവർക്കുള്ളതെല്ലാം പങ്കുവെച്ച് ജീവിച്ചു. സ്വത്തുക്കൾ വിറ്റ് ആവശ്യത്തിനനുസരിച്ച് തമ്മിൽ പങ്കിട്ടു. അവർ ദേവാലയത്തിൽ ഒറ്റ മനസ്സോടെ എത്തുകയും വീടുകളിൽ അപ്പം മുറിക്കുകയും സന്തോഷത്തോടും ഹൃദയശുദ്ധിയോടും കൂടെ ജീവിക്കുകയും ചെയ്തു. ഇത് ശ്ലീഹന്മാരുടെയും ആദിമ ക്രിസ്ത്യാനികളുടെയും സന്യാസ സ്വഭാവത്തെ കാണിക്കുന്നു.
മിശിഹായുടെ ജീവിതം പൂർണ്ണതയിൽ അനുകരിക്കുവാൻ ആഗ്രഹിച്ചിരുന്ന ശിഷ്യന്മാരുടെ സമൂഹത്തിൽ നിന്നുമാണ് സുറിയാനി ക്രിസ്തീയ ധാര രൂപം കൊണ്ടത്. പീഡനങ്ങൾക്കും ജീവൻ പൊലിയുന്ന സാഹചര്യങ്ങൾക്കും ഇടയിലും അവർ തങ്ങളുടെ വിശ്വാസം ധൈര്യത്തോടെ പ്രസംഗിക്കുകയും പ്രഘോഷിക്കുകയും ചെയ്തു. ഈ ജീവിതരീതി പിന്നീട്പ്രോട്ടോമോണാസ്ടിസം (പ്രാഥമിക സന്യാസം) എന്ന പേരിൽ വിശേഷിപ്പിക്കപ്പെട്ടു.
ഈജിപ്തിൽ മരുഭൂമിയിലെ സത്യാസജീവിതം രൂപം കൊള്ളുന്നതിനു മുൻപേ തന്നെ സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിൽ പ്രോണാസ്റ്റിസം നിലനിന്നിരുന്നു. മാർഅഫ്രഹാത്ത് തൻറെ എഴുത്തുകളിൽ ബനായി ക്യാമ,(Bnai Qyama) ഇഹിദായെ(Ihidaye) , ബതൂലെ/ ബസുൽതേ(Bthule/Bthulthe), കദീശേ (Qaddisse) തുടങ്ങിയ വിഭാഗങ്ങളെക്കുറിച്ച് പരാമർശിക്കുന്നു. ഇവർ സഭയ്ക്കായി തങ്ങളുടെ ജീവിതം സമർപ്പിച്ച സമൂഹത്തിൽ ചേർന്ന് ജീവിച്ച സാക്ഷ്യങ്ങൾ (രക്തസാക്ഷികളുടെ മനോഭാവത്തിൽ ജീവിച്ചവർ) ആയിരുന്നു. ഇത് മരുഭൂമിയിൽ ഏകാന്തമായി ജീവിച്ച ഈജിപ്തിലെ സന്യാസത്തിൽ നിന്നും പിന്നീടുണ്ടായ ആശ്രമ സന്യാസത്തിൽ നിന്നും വ്യത്യസ്തമായിരുന്നു.
ക്രിസ്തുമതം റോമൻ സാമ്രാജ്യത്തിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടപ്പോൾ പേർഷ്യൻ സാമ്രാജ്യത്തിലെ ക്രിസ്ത്യാനികൾ അഥവാ പൗരസ്ത്യ സുറിയാനിക്കാർ അതിദാരുണമായ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നു അതിനാൽ അവരുടെ സന്യാസ്സോത്സാഹം റോമൻ സാമ്രാജ്യത്തിലെ പോലെ ക്ഷയിച്ചു പോകാതെ കൂടുതൽ ഉണർവോടെ നിലനിന്നു.
ആദ്യകാല ക്രൈസ്തവ ജീവിതം പ്രധാനമായും സന്യാസ ജീവിതരീതി ആയിരുന്നു അതിനാൽ ക്രിസ്ത്യാനി ആകുക എന്നത് വൃത ജീവിതത്തോട് ബന്ധമുള്ള വിശുദ്ധ സമൂഹത്തിലെ അംഗത്വം ആയിരുന്നു.
മാർ അഫ്രഹാത്ത് ക്രിസ്ത്യാനികളിൽ ബ്രഹ്മചര്യം ഏറെ ശ്രേഷ്ഠമായ അവസ്ഥയായി കണക്കാക്കി അതുകൊണ്ടുതന്നെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നവർ മാമോദിസയ്ക്ക് മുമ്പ് തന്നെ വിവാഹം കഴിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. ക്രിസ്തീയ ശിഷ്യത്വം അങ്ങനെയുള്ള ഒരു ലോക ത്യാഗം ആയിരുന്നു. അതിനാൽ അഫ്രഹാത്തിന്റെ കാലത്ത് സഭയിലെ അംഗങ്ങൾ കൂടുതലും മാമോദിസ സ്വീകരിച്ച സന്യാസ ജീവിതം നയിക്കുന്നവർ ആയിരുന്നു. അന്ന് മാമോദിസ പ്രായപൂർത്തിയായവർക്ക് മാത്രമേ നൽകിയിരുന്നുള്ളൂ. അതും ബ്രഹ്മചര്യ വ്രതം സ്വീകരിച്ച ശേഷം അഫ്രഹാത്ത് പറയുന്നത് മാമോദിസയ്ക്ക് മുമ്പ് വിവാഹം കഴിക്കുന്നതിലൂടെ വിവാഹബന്ധത്തിൽ നിന്നുള്ള മാനസിക ശാരീരിക ആഗ്രഹങ്ങളുടെ പാടുകൾ മാമോദിസയിലൂടെ ശുദ്ധീകരിക്കും എന്നാണ്.
ക്രിസ്തീയ സമൂഹം അങ്ങനെ മാമോദിസ സ്വീകരിച്ച സന്യാസികളെയും സന്യാസികളുടെയും അവരെ പിന്തുടരുന്ന വിശ്വാസികളായ സഹയാത്രികരുടെയും ഒരു കൂട്ടായ്മയായിരുന്നു. ഒരു സാധാരണ ക്രിസ്ത്യാനി തന്റെ ജീവിതത്തിലെ പിന്നീടുള്ള ഘട്ടങ്ങളിൽ ലോക ജീവിതത്തിൽ നിന്ന് ആത്മീയമായി പിന്മാറുന്നതിനും പൂർണമായ സഭാംഗത്വം നേടുന്നതിനും ആഗ്രഹിച്ചു.ബനായി ക്യാമ(Bnai Qyama) എന്ന് വിളിക്കപ്പെട്ടിരുന്നവർ അങ്ങനെ പൂർണത കൈവരിച്ച ക്രിസ്ത്യാനികളായി കണക്കാക്കപ്പെട്ടു ഇതിൽ പൂർണത കൈവരിക്കുന്നതിന് മുൻപുള്ള ശിഷ്യരെ(catechummens) ശ്രോതാക്കൾ( Hearers) എന്ന് അറിയപ്പെട്ടിരുന്നു.
മാർഅഫ്രഹാത്ത് ബ്രഹ്മചാരികളായ ബെനയിക്കാമാ മാർ മാത്രമായിരുന്നു സഭ എന്ന് കണക്കാക്കിയിരുന്നില്ല എന്നാണ് പണ്ഡിതനായ ഡാനിയേൽ മക്കനോട്ടി പറയുന്നത്. അദ്ദേഹം വിവാഹത്തിൻറെ നല്ല വശങ്ങളും അംഗീകരിച്ചിരുന്നു പ്രത്യേകിച്ച് സാബത്തിനെ കുറിച്ചുള്ള അദ്ദേഹത്തിൻറെ പുസ്തകത്തിൽ. (Demonstration on Sabbath).എങ്കിലുംഅഫ്രഹാത്ത് സന്യാസ വ്രതത്തെ ഉയർന്ന അവസ്ഥയായി പ്രോത്സാഹിപ്പിച്ചു.
അതുപോലെ തന്നെ മാർ അപ്രേം പവിത്രമായ ബ്രഹ്മചര്യ ജീവിതത്തെ വലിയ ആത്മീയ മൂല്യമായി കണക്കാക്കി. അഫ്രഹാത്തി ന് ശേഷം എഴുതപ്പെട്ട ലൈബർഗ്രാഡം എന്ന ഗ്രന്ഥം(Liber Gradum- The book of steps) വിശ്വാസികളിൽ ഉള്ള രണ്ട് വിഭാഗങ്ങളെപ്പറ്റി പറയുന്നു- നേരായവർ (Kine/Uprights) പൂർണ്ണതകൈവരിച്ചവർ (Gmire/Mature). പല പണ്ഡിതന്മാരും വിശ്വാസികളെ സമ്പൂർണ്ണർ(Perfects), ശ്രോതാക്കൾ (Hearers) എന്നിങ്ങനെ വേർതിരിച്ച് വിശേഷിപ്പിച്ചു കാണുന്നു. പുരാതന ഗ്രന്ഥമായ ഡിഡസ് കാലിയ അപ്പസ്തലോരം( Didascalia Apostolotum) എന്ന പുസ്തകത്തിലും ശ്രോതാക്കൾ (Hearers) സമ്പൂർണ്ണർ(perfects) എന്നീ വിഭാഗങ്ങളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.
സമ്പൂർണ്ണർ(perfects) എന്ന് വിളിക്കപ്പെട്ടവർ മാമോദിസ സ്വീകരിച്ച വിശ്വാസികൾ മാത്രമായിരുന്നു അതേസമയം ശ്രോതാക്കൾ മാമോദി സാർത്ഥികൾ ആയിരുന്നു. ഹിപ്പോളിറ്റസിന്റെ അപ്പസ്തോലിക പാരമ്പര്യം Apostolic traditions of Hyppolyte) അനുസരിച്ച് മാമോദി സാർത്ഥികൾക്ക് ദൈവവചന പ്രഘോഷണം (Liturgy of Word) കേൾക്കാൻ അനുവാദം ഉണ്ടായിരുന്നെങ്കിലും അവർക്ക് കുർബാനയുടെ കൂദാശയിൽ പങ്കെടുക്കാൻ അനുവാദം ഉണ്ടായിരുന്നില്ല. ഇത് മാമോദിസ സ്വീകരിച്ചവർക്ക് മാത്രം അനുവദനീയമായിരുന്നു. ഈ പാരമ്പര്യത്തിന്റെ അവശിഷ്ടങ്ങൾ ഇന്നും സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാനയിൽ കാണാം .ലോകത്തിലെ ഏറ്റവും പഴക്കമുള്ള ആരാധനാക്രമങ്ങളിൽ ഒന്നായ സീറോ മലബാർ കുർബാനയിൽ മാമോദി സാർഥികളുടെ വിടവാങ്ങൽ ശുശ്രൂഷയിൽ ഇങ്ങനെ കാണുന്നു.
. ‘മാമോദിസ സ്വീകരിക്കാത്തവർ പുറത്തേക്ക് പോകട്ടെ
ജീവൻറെ ചിഹ്നം സ്വീകരിക്കാത്ത പുറത്തേക്ക് പോകട്ടെ
വിശുദ്ധ കുർബാന സ്വീകരിക്കാത്തവർ പുറത്തേക്ക് പോകട്ടെ
ശ്രോതാക്കൾ വാതിലിന് അരികിൽ ചെന്ന് നിൽക്കട്ടെ’
സുറിയാനി സന്യാസികൾ സഭയ്ക്കായി തങ്ങളുടെ ജീവൻ സമർപ്പിച്ചവർ ആയിരുന്നു. അവരുടെ ജീവിതം ഒരു വിധത്തിലുള്ള രക്തസാക്ഷിത്വം തന്നെ ആയി കണക്കാക്കപ്പെടുന്നു. അവർ മരുഭൂമികളിലോ ആശ്രമങ്ങളിലോ ഒറ്റപ്പെട്ട് ജീവിച്ചിരുന്നവരല്ല പകരം സഭാ സമൂഹത്തോട് ഒത്തുചേർന്ന് അതിനെ ശുശ്രൂഷിക്കുകയും ആത്മീയമായി സഹായിക്കുകയും ചെയ്തവരായിരുന്നു. മെസപ്പൊട്ടേമിയയിലെയും സുറിയാനി പ്രദേശങ്ങളിലെയും സന്യാസജീവിതം യഹൂദ ക്രിസ്ത്യാനിക സമൂഹത്തിൻറെ സ്വദേശിയമായ രൂപമായിരുന്നു. ഈ സുറിയാനി യഹൂദ -ക്രിസ്ത്യാനികൾ തങ്ങളുടെ ജീവിതത്തിലും ഉപവാസത്തിലും നിരാഹാര വ്രതങ്ങളിലും ആത്മ നിയന്ത്രണത്തിലും സ്വഭാവത്തിൽതന്നെ സന്യാസരൂപികൾ ആയിരുന്നു. പതിനാറാം നൂറ്റാണ്ടിലെ യൂറോപ്യൻ മിഷനറിമാർ മലബാർ നസ്രാണികളെ ഉപവാസത്തിന്റെ സുഹൃത്തുക്കൾ എന്നാണ് വിശേഷിപ്പിച്ചത്. മാർത്തോമാ നസ്രാണികൾക്ക് ആകെ 290 ഉപവാസ ദിവസങ്ങൾ ഉണ്ടായിരുന്നു എന്നാൽ അവയിൽ ആവർത്തിക്കുന്ന ദിവസങ്ങൾ ഒഴിവാക്കിയാൽ ഏകദേശം 225 ദിവസങ്ങൾ ഉപവാസം തന്നെയായിരുന്നു. രണ്ടാം യോഹന്നാൻ പൗലോസ് മാർപാപ്പ തന്റെ കിഴക്കിന്റെ പ്രകാശം എന്ന തിരുവെഴുത്തിൽ ഇങ്ങനെ പറയുന്നു. സന്യാസ ജീവിതം എപ്പോഴും പൗരസ്ത്യ സഭകളുടെആത്മാവ് തന്നെയായിരുന്നു. ആദ്യ ക്രിസ്ത്യൻ സന്യാസികൾ കിഴക്കിൽ നിന്നാണ് ഉരുതിരിഞ്ഞത് പുരാതന സഭയിലെ മഹാ പിതാക്കന്മാർ മുഖേന ഈ കിഴക്കൻ സന്യാസ പ്രകാശം പടിഞ്ഞാറിലേക്കും പകർന്നു. പൗരസ്ത്യ സന്യാസജീവിതം കിഴക്കും പടിഞ്ഞാറും ഒരുപോലെ സമർപ്പിത ജീവിതങ്ങളുടെ ഉറവിടവും പിറ വിടവും ആകുന്നു. ഇന്നും സഭയിൽ അവിവാഹിതരായി സഭാ സേവനത്തിന് ജീവിതം സമർപ്പിച്ച് വിശ്വാസി സമൂഹത്തിന് ഇടയിൽ ജീവിക്കുന്ന രൂപതാ വൈദികരെ ആധുനിക ബനയിക്കാമ (Bnai Qyama) എന്ന് വിളിക്കാവുന്നതാണ്. പൗരസ്ത്യ സുറിയാനി സന്യാസജീവിതം എന്നത് പരിശുദ്ധ റൂഹായുടെ പ്രവർത്തിയാണ്. അത് ദൈവസ്നേഹത്തിലൂടെ ദൈവത്തിലേക്കുള്ള യാത്ര അഥവാ ദൈവീകരണം തന്നെയാണ്. പ്രത്യേകിച്ച് സുറിയാനി ക്രിസ്തീയത സ്വഭാവത്തിൽ തന്നെ സന്യാസപരമായി ക്രിസ്തീയതയാണ്. മാർത്തോമാ ക്രിസ്ത്യാനികളും അതേ സന്യാസമാർഗം പിന്തുടർന്നവരായിരുന്നു- ഉപവാസങ്ങളിലൂടെയും നിരാഹാരങ്ങളിലൂടെയും തീർത്ഥാടനങ്ങൾ പ്രാർത്ഥനാ ജീവിതത്തിലൂടെയും പ്രത്യേകിച്ച് യാമ നമസ്കാരങ്ങൾ ദാനധർമ്മങ്ങൾ സ്നേഹവിരുന്ന് മറ്റ് ആത്മീയ അനുഷ്ഠാനങ്ങൾ എന്നിവയിലൂടെ. ആധുനികവൽക്കരണവും മൂലം ഈ സന്യാസ ആത്മാവും ആചാരപരമായ സമർപ്പിതവും നൂതന ലോകത്ത് ക്രമേണിച്ചു കൊണ്ടിരിക്കുന്നു .
References
George Thomas Kallunkal, Eastern Christian asceticism, in Mar Thoma Maarggam, Vadavathoor
Dr.Sr. Roselin Aravackal MTS, The Spirituality of Qyāmā: An Ideal for Modern Monasticism, Christian Orient, issue 3 Vol 36 2018
Barnard, the origins and emergence of the church in Edessa 175, Josua D Settles, an examination of the teachings of Ephraim the Syrian and Aphrahat the Persian sage and their implications for Christian discipleship in Africa E Journal of religious and theological studies ERATS vol 8 issue 3 march 22 pp 68-88
Joshua D Settles, An examination of the teachings of Ephraim the Syrian and Aphrahat the Persian Sage and their implications for Christian discipleship in Africa, ERATS vol 8 Issue 3 March 2022
FC Burkitt Early Eastern Christianity,
Samule Moffett, History of Christianity in Asia vol 1
Early Eastern Christianity
Daniel L Mcconaughty, Final proofs of Aphrahat on the Holy Spirit in the life of a Christian,
Alan Kreider, Baptism and catechism in early Christianity , Tyndale bulletin 47.2 1996p 329
The ancient catechumenate: A brief liturgical historical sketch, Cas Wepener, Stellenboosch theological journal, vol 9, no 1 2023.(https://www.scielo.org.za/scielo.php?script=sci_arttext&pid=S2413- accessed 09 Oct 2025)
Holy Qurbana Taksa of Syro Malabar Church
Thomas Koonammakkal, Judeo Christisn and patristic roots, in Mar Thomma marggam, vadavathoor 2012
Saint Pope John Paul II Orienatale Lumen
Naiju Jose Kalambukattu, Monsaticism in the East Syrian tradition, in Mar Thoma marggam, 2012, Vadavathoor Kottayam
No comments:
Post a Comment