പൗരസ്ത്യ സുറിയാനി പാരമ്പര്യവും അതിൻറെ വിശുദ്ധ ഭാഷയായ സുറിയാനി യും
ഡോക്ടർ മാർട്ടിൻ തോമസ് ആന്റണി
കത്തോലിക്കാ സഭയും അതിൻറെ വിശുദ്ധ പാരമ്പര്യങ്ങളും
കത്തോലിക്കാ സഭ എന്നത് സാർവത്രിക സഭയാണ് അതിൽ 24 വ്യക്തിസഭകൾ ഉൾപ്പെടുന്നു. ഈ സാർവത്രിക സഭയാണ് മാതൃസഭ. ഈ പറഞ്ഞ 24 സഭകളും സഹോദരി സഭകൾ ആകുന്നു. റോമിലെ സഭയും മറ്റു പൗരസ്ത്യ സഭകളും പരസ്പരം സഹോദരി സഭകൾ തന്നെയാണ്. ഇങ്ങനെ ഈ 24 വ്യക്തിസഭകൾ ഓരോന്നും വ്യത്യസ്തമായ ഭാഷകളിലും സംസ്കാരങ്ങളിലും വിശ്വാസ അനുഭവങ്ങളിലും ദൈവ രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന 24 വിശ്വാസപ്രകടനങ്ങൾ ആയി നിലകൊള്ളുന്നു. അതിനാൽ തന്നെ കത്തോലിക്കാ സഭ വിവിധ സംസ്കാരങ്ങളിലൂടെയും ഭാഷകളിലൂടെയും വെളിപ്പെടുത്തപ്പെട്ട ദൈവീക വെളിപാടുകളുടെ പൂർണ്ണതയെ പ്രതിനിധീകരിക്കുന്നു.
കത്തോലിക്കാ സഭയിൽ ആകെ 6 പ്രധാന വിശ്വാസ പാരമ്പര്യങ്ങൾ ആണുള്ളത്. ഇവ റോമൻ അഥവാ ലത്തീൻ, അലക്സാണ്ട റിയൻ, അന്ത്യോക്യൻ അഥവാ പാശ്ചാത്യ സുറിയാനി, അർമേനിയൻ, കൽദായ അഥവാ പൗരസ്ത്യ സുറിയാനി, കോൺസ്റ്റാന്റിനോപ്പിൾ അഥവാ ബിസെന്റൈൻ എന്നിവയാണ്.
ക്രൈസ്തവികതയുടെ മൂന്ന് ധാരകൾ
ക്രൈസ്തവികത എന്നത് ശ്ലീഹന്മാരുടെ യഹൂദ-മിശിഹാനിക പ്രസ്ഥാനത്തിൻറെ തുടർച്ചയാണ്.സഭ പെന്തക്കുസ്താ ദിനത്തിൽ ഓർ ശലേമിൽ പിറവിയെടുത്തു. അന്നത്തെ സംസ്കാരവും ഭാഷയും യഹൂദ മതപരവും അറമായയും ആയിരുന്നു. ഈശോമിശിഹായും ശ്ലീഹന്മാരും പരിശുദ്ധ കന്യകാമറിയവും അരമായ ഭാഷയായിരുന്നു സംസാരിച്ചിരുന്നത്. പിന്നീട് ഈ ക്രിസ്തീയ അറമായ ഭാഷ എദേസ (Edessa)യിലും പരിസരപ്രദേശത്തും സുറിയാനി ഭാഷയായി വികസിച്ചു അങ്ങനെയാണ് സുറിയാനി ക്രിസ്തീയ ധാരയുടെ ജന്മം.
അതേസമയം റോമൻ സാമ്രാജ്യത്തിലെ ആധിപത്യഭാഷ ഗ്രീക്ക് ആയതിനാൽ ക്രിസ്തീയത അവിടെ ഗ്രീക്ക് സംസ്കാരത്തിലും ഭാഷയിലും വളർന്നു. മിശിഹായുടെ ശിഷ്യന്മാരെ ക്രിസ്ത്യാനികൾ എന്ന പേര് ആദ്യം വിളിക്കുന്നത് അന്ത്യോഖ്യയിൽ ആയിരുന്നു. പിന്നീട് പടിഞ്ഞാറൻ റോമാ സാമ്രാജ്യത്തിൽ റോമാ കേന്ദ്രമായി ലത്തീൻ ക്രിസ്തീയ ധാര രൂപപ്പെട്ടു. അങ്ങനെ ക്രിസ്തീയത 3 മുഖ്യധാരകളായി വളർന്നു- സുറിയാനി ഗ്രീക്ക് ലത്തീൻ.
സുറിയാനി ക്രിസ്തീയ ധാര
അറമായ ഭാഷ സംസാരിച്ചിരുന്ന ഈശോയുടെയും ശിഷ്യന്മാരുടെയും യഹൂദ -മിശിഹാനിക പ്രസ്ഥാനമാണ് സുറിയാനി ക്രിസ്തീയ ധാരയുടെ ഉറവിടം. ആദ്യ രണ്ട് നൂറ്റാണ്ടുകളോടുകൂടി മിശിഹാ സംസാരിച്ചിരുന്ന ഭാഷ അറമായ ഭാഷ സുറിയാനിയായി രൂപംകൊണ്ടു. മിശിഹായുടെയും ശിഷ്യരുടെയും പ്രസ്ഥാനം യഹൂദ മതത്തിലെ നാസറിൻ എന്ന വിഭാഗമായി കണക്കാക്കപ്പെട്ടു പോരുന്നു. ശ്ലീഹന്മാരുടെ നടപടി പുസ്തകത്തിൽ പറയുന്നതുപോലെ( Acts 18:18, 21:23) അവർ വ്രത ജീവിതം നയിക്കുന്നവരായിരുന്നു. വേദപുസ്തകത്തിൽ തന്നെ പൗലോസിനെ നസ്രായ പക്ഷത്തിന്റെ നേതാവായിട്ടാണ് പരാമർശിക്കപ്പെടുന്നത്. (Acts 24:5).ആദ്യകാല സുറിയാനി സഭ വളരെ സന്യാസപരം ആയിരുന്നു.
മാർ അഫ്രഹാത്തിന്റെകാലത്ത് സുറിയാനി ക്രിസ്ത്യാനികൾ മാമോദിസ സ്വീകരിച്ച ബ്രഹ്മചാരികൾ ആയിരുന്നു. ഇത് യൂദ മതത്തിലെ നാസറിൻ വ്രതത്തിൽ നിന്നുള്ള ആത്മീയതയുടെ തുടർച്ചയായി കാണാം. ഇന്നും പല പൗരസ്ത്യ ഭാഷകളിലും ക്രിസ്ത്യാനികളെ നസ്രായികൾ എന്നാണ് അറിയപ്പെടുന്നത്.
പൗരസ്ത്യ സുറിയാനി സഭ പേർഷ്യൻ സാമ്രാജ്യത്തിൽ ആയിരുന്നതിനാൽ അവർ പടിഞ്ഞാറൻ ഗ്രീക്കോ റോമൻ സഭകളിൽ നിന്ന് രാഷ്ട്രീയപരമായും സാമ്രാജ്യത്വപരമായും വേർപെട്ടു. എഫ് എസൂസ്- കൽക്കദോനിയ (Ephesus, Cacedonia)സൂനഹദോസുകൾക്ക് ശേഷം പടിഞ്ഞാറൻ സുറിയാനി അഥവാ അന്ത്യോക്യൻ പാരമ്പര്യം ഗ്രീക്ക് സഭയുടെ സ്വാധീനങ്ങൾ ഉൾക്കൊണ്ട് വളർന്നുവന്നു. അതേസമയം പൗരസ്ത്യ സുറിയാനി പാരമ്പര്യം പേർഷ്യയിൽ സ്വതന്ത്രമായി നിലനിന്നു.
അരമായ ഭാഷയും സുറിയാനിയും
അറമായ ഭാഷ ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട ഭാഷയാണ്. പൂർവ്വ പിതാവായ അവറാഹം (Abraham-കർത്താവിൻറെ കാലത്തെ അരമായ ഭാഷയിലും പുരാതന സുറിയാനിയിലും അബ്രഹാം എന്നത് അവറാഹം എന്നാണ് ഉച്ചരിക്കുന്നത്).പൂർവ്വപിതാവായ അവറാഹം ഒരു അരമായാനായിരുന്നു. അവറാഹത്തെ അനേകം രാജ്യങ്ങളുടെയും ജനതകളുടെയും പിതാവായി ദൈവവുമായി ഇസ്രായേൽ വംശത്തിന്റെ ഉടമ്പടി ഉറപ്പിക്കുവാൻ ദൈവം തന്നെയാണ് വിളിക്കുന്നത്. വേദപുസ്തകത്തിൽ നിയമാവർത്തന പുസ്തകത്തിൽ യാക്കോബ് തന്റെ പിതാവ് അലഞ്ഞു തിരിയുന്ന ഒരു അറമായനാണെന്ന് പറയുന്നതായി കാണുന്നു. ഇസ്രയേൽ മക്കൾ തങ്ങളുടെ ഈജിപ്തിലേക്കും തിരികെ കാണാൻ ദേശത്തേക്കുമുള്ള ദീർഘകാല പ്രയാണത്തിനിടയിൽ പല ഭാഷാ സംസ്കാര സമ്പർക്കത്തിലൂടെ അവരുടെ ഭാഷ ഹെബ്രായ ഭാഷയായി രൂപാന്തരപ്പെട്ടു. എന്നാൽ മിശിഹായുടെ കാലത്ത് ഇസ്രായേൽ മക്കളുടെ ഭാഷ അറമായ ഭാഷ തന്നെയായിരുന്നു. ഇതിന് കാരണം പുത്രൻ തമ്പുരാൻ, താൻ തിരഞ്ഞെടുത്ത പൂർവ്വ പിതാവായ അറമായ ഭാഷ തന്നെ സംസാരിക്കണം എന്ന് പിതാവായ ദൈവത്തിൻറെ ഇഷ്ടം നിറവേറ്റാൻ എന്നോണം ഇസ്രയേൽ മക്കളെ മിശിഹായ്ക്ക് മുമ്പ് 597 -537 കാലഘട്ടത്തിൽ ബാബിലോണിയൻ പ്രവാസത്തിൽ ആകാൻ ഇടവരുത്തി.ഒരു തലമുറ മുഴുവൻ ബാബിലോണിൽ വസിച്ച അവർ അവരുടെ ഹെബ്രായ ഭാഷ മറക്കുകയും അറമായ ഭാഷയിൽ ആവുകയും ചെയ്തു.ഇതിന് തെളിവായി വേദപുസ്തകത്തിൽ (നെഹമിയ 8 :7 8) ഇസ്രയേൽ മക്കൾ തിരികെ വരുത്തിയപ്പോൾ ദേവാലയത്തിൽ എബ്രായ ഭാഷയിൽ നിയമ പുസ്തകം വായിച്ചപ്പോൾ അത് മനസ്സിലാക്കാൻ അവർക്ക് സഹായം വേണ്ടിവന്നു എന്ന് നമുക്ക് കാണുവാൻ സാധിക്കും.
അറമായ ഭാഷ -വെളിപാടിന്റെ ഭാഷ
. അങ്ങനെ മിശിഹായും ശ്ലീഹന്മാരും മിശിഹായുടെ മാതാവായ മർത്തമറിയത്തുമ്മയും വളർത്തു പിതാവായ മാർ യൗസേപ്പ് പിതാവും ഒക്കെ സംസാരിച്ച ഭാഷ അറമായ ഭാഷയായിരുന്നു. അപ്പോൾ മിശിഹായുടെ മാമോദിസ വേളയിൽ യോർദ്ദനൻ നദിക്കരെ സ്വർഗ്ഗത്തിൽ നിന്ന് പുറപ്പെട്ട വാക്കുകളും മാലാഖ സക്കറിയയോടും മർത്തമറിയത്തുമ്മയോടും യൗസേപ്പ് പിതാവിനോടും സംസാരിച്ച ഭാഷയും അറമായ ഭാഷ തന്നെയായിരുന്നു. അപ്പോൾ അറമായ ഭാഷ ദൈവിക വെളിപാടുകളുടെ ഭാഷ തന്നെയായിരുന്നു.
പൗരസ്ത്യ സുറിയാനി -കർത്താവിൻറെ ഭാഷയുടെ നേരിട്ടുള്ള തുടർച്ച
അറമായ ഭാഷ ഒന്നും രണ്ടും നൂറ്റാണ്ടുകളിൽ എദേസ (Edessa)യിലും അതിനു ചുറ്റുമുള്ള പ്രദേശങ്ങളിലെയും സംസ്കാരങ്ങളിൽ സുറിയാനി ആയി രൂപാന്തരപ്പെട്ടു. ഇന്നത്തെ പൗരസ്ത്യ സുറിയാനി ഭാഷ ഈശോമിശിഹായും അവിടുത്തെ ശിഷ്യന്മാരും സംസാരിച്ച അറമായ ഭാഷയുടെ നേരിട്ടുള്ള പിന്മുറക്കാരിയാണ്. വേദപുസ്തകത്തിൽ ഇന്നും നിലനിർത്തിയിട്ടുള്ള പല വാക്കുകളും അതിന് തെളിവാണ്. വേദപുസ്തകത്തിൽ കാണുന്ന ആമേൻ, അബ്ബാ, റബ്ബി, ഓശാന, കൊർബാൻ, തലിത്ത കും, എഫാസ, എൽ എൽ ലാമ നാ സബക്താനി, തുടങ്ങിയ വാക്കുകൾ ഇന്നും പൗരസ്ത്യസുറിയാനിയിൽ അതേപോലെ ഉച്ചരിക്കപ്പെടുന്നു . അതുപോലെ ബസ് ലഹേം, ഗോൽഗോത്ത, ഗസമേൻ, ബേസ് സൈദ, ബേസ് അനിയാ തുടങ്ങിയ സ്ഥലനാമങ്ങളും, ബറാബാസ്, ബാർത്തുൽ മിയ(Bar- Thelomia- Bartheolomew), ബാർ നബാസ്, ബാർ സെബദി തുടങ്ങിയ വ്യക്തി നാമങ്ങളും ഇന്നത്തെ പൗരസ്ത്യ സുറിയാനി ഉച്ചാരണംതന്നെയാണ്. ബർ നബാസ് എന്ന പേര് ഹെബ്രായ ഭാഷയിൽ ആയിരുന്നെങ്കിൽ ബെൻ നബാസ് എന്ന് ആയിരുന്നേനെ ഉച്ചാരണം. ഇത് അറബിയിൽ ബിൻ നബാസ് ആയിരുന്നേനെ. ഇത് ഇപ്പറഞ്ഞ വാക്കുകളൊക്കെ ഉച്ചാരണസാമ്യമുള്ള മറ്റു ഭാഷകളെ കാൾ അറമായ സുറിയാനി തന്നെയാണെന്നുള്ളതിന്റെ തെളിവാണ്. ഇതൊക്കെ കാണിക്കുന്നത് ഇന്നത്തെ പൗരസ്ത്യ സുറിയാനി ഭാഷ മിശിഹായുടെ ഭാഷയുടെ നേരിട്ടുള്ള തുടർച്ചയാണ് എന്ന് തന്നെയാണ്.
ആദ്യകാല സുറിയാനി ക്രിസ്തീയതയും അതിൻറെ വികാസവും
ആദ്യകാല സുറിയാനി ക്രിസ്തീയത ഹെലനിസ്റ്റിക് (Hellenistic)അഥവാ ഗ്രീക്ക് സ്വാധീനം ഇല്ലാത്ത ശുദ്ധമായ സെമിറ്റിക് / യഹൂദ- ക്രിസ്തീയ പാരമ്പര്യമായിരുന്നു. മാർ അഫ്രഹാത്തിന്റെയും മാർ അപ്രേമിന്റെയും രചനകൾ, ശലോമോന്റെ ഗീതങ്ങൾOdes of Solomon) , തോമയുടെ നടപടി(Acts of Thomas), തുടങ്ങിയ പുസ്തകങ്ങൾ ഇതിൻറെ തെളിവുകൾ ആണ്. ഈ കാലഘട്ടത്തിലാണ് ഹെലനിസ്റ്റിക് സ്വാധീനം ഇല്ലാതെ മാർ അദ്ദായിയുടെയും യും മാർ മാറിയുടെയും അനാഫറ രൂപപ്പെട്ടത്. പിന്നീട് 5- 7 നൂറ്റാണ്ടുകളിൽ ഗ്രീക്ക് സ്വാധീനം വർദ്ധിച്ചു.മാബക്കിലെ പീലക്സിനോസ് മുതലായവരുടെ രചനകളിൽ ഇതു കാണാം. ഇതിലൂടെ ഗ്രീക്ക് ആത്മീയതയും സുറിയാനി ആത്മീയതയും സൃഷ്ടിപരമായ വിശ്രമം ഏറ്റുവാങ്ങി, 7 -8 നൂറ്റാണ്ടുകളിൽ സുറിയാനി മിസ്റ്റിക്കൽ പാരമ്പര്യത്തിന്റെ പൊൻ കാലം ആരംഭിച്ചു. നിനിവേയിലെഇസഹാക്കിന്റെ രചനകൾ (Isahak of Nineveh)ഇതിൻറെ ഉത്തമ ഉദാഹരണമാണ്.
മാർ അപ്രേമിന്റെയും ഇസഹാക്കിന്റെയും കൃതികൾ പിന്നീട് ഗ്രീക്ക് ലത്തീൻ ഫ്രഞ്ച് റഷ്യൻ തുടങ്ങിയ പല ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടതിലൂടെ പാശ്ചാത്യ ക്രിസ്തീയതയ്ക്കും വലിയ ആത്മീയ പ്രഭാവം ഉണ്ടാക്കി. നിനിവേയിലെഇസഹാക്കിന്റെ കൃതികൾ ജാപ്പനീസ് ഭാഷയിലേക്ക് വരെ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ക്രിസ്തീയ ആത്മീയതയിലെ സുറിയാനി ആത്മീയതയുടെ ചില പ്രത്യേക പ്രമേയങ്ങൾ.
ക്രിസ്തീയ ആത്മീയതയിൽ സ്വാധീനം ചെലുത്തുന്ന സുറിയാനി ആത്മീയതയുടെ തനത് പ്രമേയങ്ങൾ നിരവധിയാണ്. അവയിൽ ചിലത് താഴെ പ്രതിപാദിക്കുന്നു.
1 മിശിഹാ ശിയോലിലേക്ക് / പാതാളത്തിലേക്ക് ഇറങ്ങുന്നത്.
മിശിഹാ ശിയോലിലേക്ക് ഇറങ്ങിയത് വിശ്വാസപ്രമാണത്തിലെ ഒരു പ്രധാന വിഷയമാണ്.ശലോമോന്റെ ഗീതങ്ങളിലും മാർ അപ്രേമിന്റെ രചനകളിലും ഇത് പ്രത്യക്ഷമാണ്. ശിയോല്‍ അഥവാ പാതാളം ഒരു ഭൗമ ഭാഗം അല്ല, സ്ഥല കാല ബന്ധം ഇല്ലാത്ത നിലയിലാണ് സുറിയാനി പാരമ്പര്യം പാതാളത്തേ കാണുന്നത്. പാതാളത്തിലേക്ക് ഇറങ്ങിയതിലൂടെ മരണത്തെ അതിജീവിച്ച മിശിഹായുടെ വിജയം പ്രഘോഷിക്കപ്പെടുന്നു.
2 പറുദീസയുടെ പുനപ്രാപ്തി
മിശിഹായെ രണ്ടാം ആദം ആയി സുറിയാനി പാരമ്പര്യം കാണുന്നു. മനുഷ്യൻ മിശിഹായിലൂടെ വീണ്ടും പറുദീസയിൽ പ്രവേശിക്കാനുള്ള പ്രത്യാശയാണ് ഈ പ്രമേയം. ആദം തന്റെ മഹത്വ വസ്ത്രം പാപത്തിലൂടെ നഷ്ടപ്പെടുത്തി നഗ്നനായി. എന്നാൽ മിശിഹാ തന്റെ പീഡകളിലൂടെ ആദത്തെ സൗഖ്യം ആക്കി അവനെ മഹത്വ വസ്ത്രം അണിയിച്ചു. കൂദാശ ജീവിതത്തിലൂടെ ജീവൻറെ വൃക്ഷം മനുഷ്യന് പ്രാപ്തമാക്കുകയും മനുഷ്യ വർഗ്ഗത്തെ അമർത്യതയിലേക്ക് ഉയർത്തുകയും ചെയ്യുന്ന പ്രമേയമാണിത്.
3 മിശിഹാ സ്വർഗീയ മണവാളൻ
യോഹന്നാൻ 3: 29 മത്തായി 9: 15 എന്നിവയെ അടിസ്ഥാനമാക്കിയുള്ള വേദ പുസ്തകത്തിലെ പ്രമേയമാണിത്. മാർ അപ്രേം ഓരോ ക്രിസ്ത്യാനിയുടെയും മാമോദിസയെ സ്വർഗീയ മണവാളനായ മിശിഹായുമായി നടത്തുന്ന വിവാഹ ഉടമ്പടിയോട് താരതമ്യം ചെയ്യുന്നു. പരിശുദ്ധ കുർബാനയെ വിവാഹ വിരുന്ന് എന്നും സ്വർഗ്ഗരാജ്യത്തെ സ്വർഗീയ മണവറ(Gnona) എന്നും അദ്ദേഹം ചിത്രീകരിച്ചു കാണുന്നു.
4 രക്ഷ ഒരു രോഗശാന്തി
മാർ അപ്രേം മിശിഹായെ ഒരു വൈദ്യനായി അവതരിപ്പിക്കുന്നു.ആദത്തിന്റെ മുറിവുകൾ മിശിഹാ സൗഖ്യമാക്കുന്നു. മിശിഹായെ ‘മഹാ ചികിത്സകൻ’ ‘ജീവാമൃതം’ എന്നിങ്ങനെയാണ് വരച്ചുകാട്ടുന്നത്. അഫ്രാഹാത്ത് മുതലായ സുറിയാനി പിതാക്കന്മാർ പാപത്തെ മുറിവ് എന്നും അതിന് ചികിത്സയാകുന്നത് പശ്ചാത്താപം എന്നും പഠിപ്പിക്കുന്നു.
5 ദിവ്യാഗ്നി
മാർ അപ്രേം മിശിഹായെ അഗ്നി എന്ന പ്രതീകത്തിലൂടെ വിശദീകരിക്കുന്നു . വേദപുസ്തകത്തിലെ പഴയ നിയമത്തിൽ പാപികളുടെ വിധി അഗ്നി ഭക്ഷിക്കുന്നതിന്റെയും നശിപ്പിക്കുന്നതിന്റെയും രൂപത്തിൽ കാണുന്നു. . അതോടൊപ്പം അഗ്നി ശുദ്ധീകരിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നു. പുതിയ നിയമത്തിൽ പെന്തക്കുസ്താ ദിനത്തിൽ പരിശുദ്ധ റൂഹ അഗ്നിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു. സുറിയാനി പിതാക്കന്മാർ പരിശുദ്ധ കന്യക മറിയത്തിന്റെ ഗർഭപാത്രത്തിലും യോർദ്ധനാൻ നദിയിൽ മാമോദിസായിലും ദിവ്യാഗ്നിയായി പരിശുദ്ധ റൂഹായെ വിശദീകരിക്കുന്നു. ഈ അഗ്നി എന്ന ആശയം മാമോദിസ കുർബാന എന്നീ കൂദാശകളിലും ദിവ്യാഗ്നി ആയി ചിത്രീകരിച്ചിരിക്കുന്നു. മാർ അപ്രേമിന്റെ വിശ്വാസഗീതങ്ങൾ എന്ന കൃതിയിൽ പത്താം ഗീതത്തിൽ ഇങ്ങനെ പറയുന്നു.
‘ആത്മാവും നമ്മുടെ മാമോദിസ തൊട്ടിയിൽ ഉണ്ട്
അപ്പത്തിലും കാസയിലും അഗ്നിയും പരിശുദ്ധ റൂഹായും ഉണ്ട്’
6 . ഭാസുര നയനം (Luminous Eye)
മാർ അപ്പ്രേം വിശ്വാസത്തിൻറെ ആന്തര കണ്ണിനെ കുറിച്ച് പഠിപ്പിക്കുന്നു. പ്രകൃതിയിലും വേദഗ്രന്ഥങ്ങളിലും ദൈവം ഗൂഡമായി അടച്ചുവെച്ചിരിക്കുന്ന പ്രതീകങ്ങളും രൂപങ്ങളും ഗ്രഹിക്കാനാവുന്നത് ഈ ആന്തരകണ്ണിനാൽ ആണ്. സാധാരണ കണ്ണിന് പ്രകാശം അത്യാവശ്യമാണെന്ന് അതുപോലെ ആന്തര കണ്ണിന് വിശ്വാസം വളരെ അത്യാവശ്യമാണ്. ഈ ആന്തര ദർശനം പാപത്തിൽ നിന്നുള്ള ശുദ്ധിയിലൂടെ സ്വച്ഛവും തെളിഞ്ഞതും ആകുന്നു.
7 സഭ 3 തലത്തിൽ
ബുക്ക് ഓഫ് സ്റ്റെപ്സ് (The Book of Steps) എന്ന ഗ്രന്ഥത്തിൽ മൂന്ന് തലത്തിലുള്ള സഭയെക്കുറിച്ച് പറയുന്നു ഒന്ന് സ്വർഗീയസഭ, 2 ഭൂമിയിലെ ദൃശ്യമായ സഭ കൂദാശ ജീവിതത്തിലൂടെ പ്രവർത്തിക്കുന്നത്, മൂന്ന് വിശ്വാസിയുടെ ഹൃദയത്തിലെ ആന്തരിക സഭ. മിശിഹാ വസിക്കുന്ന മനുഷ്യശരീരവും ഹൃദയവും തന്നെ ഒരു മദ്ബഹ ആണെന്നാണ് മനസ്സിലാക്കേണ്ടത്. ദൃശ്യ സഭ കൂദാശകളിലൂടെ വിശ്വാസികളെ പരിപോഷിപ്പിക്കുന്നു. . അവർ മരണശേഷം സ്വർഗീയ സഭയിൽ പ്രവേശിക്കുന്നു.
8 സന്യാസവും സന്യാസമാർഗ്ഗവും.
ആദ്യകാല സുറിയാനി ക്രിസ്തീയത സ്വഭാവത്തിൽ തന്നെ തന്നെ സന്യാസപരമായിരുന്നു. മാർ അഫ്രാഹാത്ത് ജീവിച്ചിരുന്ന കാലത്ത് സഭ മാമോദിസ സ്വീകരിച്ച ബ്രഹ്മചാരി കളുടെയും അവരെ പിന്തുടരുന്ന സഹയാത്രികരുടെയും കൂട്ടായ്മയായിരുന്നു. മാമോദിസ പ്രായപൂർത്തിയായവർക്ക് മാത്രം അതും ബ്രഹ്മചര്യ വ്രതം എടുക്കുന്നവർക്ക് മാത്രം നൽകിയിരുന്നു. ഇവരെ ഇഹീദായെ (Ihidaye) എന്നു വിളിച്ചിരുന്നു. . ബെനയി ക്യാമ, Bnai Qyama) കദീ ശേ (Qaddishe) , ബസൂൽ/ ബസൂൽത്തെ(Bthule/Bsulthe) എന്നിവർ സഭയിലെ സമ്പൂർണ്ണ അംഗങ്ങളായി കണക്കാക്കപ്പെട്ടു. . ഇവർ മഠങ്ങളിൽ ഒറ്റപ്പെട്ട് ജീവിച്ചിരുന്നവരല്ല പക്ഷേ സമൂഹത്തിൽ തന്നെയാണ് ജീവിച്ചിരുന്നത്. സമൂഹത്തിന്റെ ആത്മീയ ജീവിതത്തെ വളർത്തി പോറ്റാൻ പ്രത്യേക ഉത്തരവാദിത്വം ഏറ്റെടുത്ത് സമൂഹത്തിൽ തന്നെ ഇവർ ജീവിച്ചു. ഇത് പാശ്ചാത്യ സന്യാസ മാർഗത്തിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു.
9 ദിവ്യ സ്നേഹം
സുറിയാനി പിതാക്കന്മാർ എല്ലാ കാലത്തും ദൈവത്തിൻറെ അതിരില്ലാത്ത സ്നേഹത്തെ വാഴ്ത്തി പാടിയിരുന്നു. രക്ഷാകര ദൗത്യത്തിന്റെ അർത്ഥവും ആസൂത്രണവും സ്നേഹത്തിലാണ് നിലകൊള്ളുന്നത്. നിനിവേയിലെ ഇസഹാക്ക്പഠിപ്പിക്കുന്നത് മനുഷ്യാവതാരത്തിന്റെയും കുരിശു മരണത്തിന്റെയും പ്രാഥമിക കാരണം മനുഷ്യനോടുള്ള ദൈവസ്നേഹമാണ് എന്നാണ്.
10 സ്വയം ശൂന്യമാക്കലും എളിമയും
സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാനയിൽ തിയഡോറിന്റെ അനാഫോറയുടെ മൂന്നാമത്തെ ഗഹാന്ത പ്രാർത്ഥനയിൽ ഇങ്ങനെ പറയുന്നു
‘മനുഷ്യരായ ഞങ്ങൾക്കും ഞങ്ങളുടെ രക്ഷയ്ക്കും വേണ്ടി ഏകജാതനും വചനവും ആയ ദൈവം അങ്ങയോടുള്ള സമാനത പരിഗണിക്കാതെ സ്വയം ശൂന്യനാക്കി ദാസന്റെ രൂപം സ്വീകരിച്ചു…..’.
ഈ പ്രാർത്ഥന തന്നെ ദൈവത്തിൻറെ സ്വയം ശൂന്യപ്പെടുത്തിയ (mssarquta)സ്നേഹത്തെ വ്യക്തമാക്കുന്നു.അതിന് മനുഷ്യൻ നൽകേണ്ട മറുപടി സ്നേഹം തന്നെയാണ്. പുരോഹിതന്റെയും സമൂഹത്തിന്റെയും എളിമ പൗരസ്ത്യ സുറിയാനി ആരാധന ക്രമത്തിലെ വലിയ പ്രമേയമാണ്. യോഹന്നാൻ ഇഹീദായിയും നിനിവേയിലെ ഇസഹാക്കും ഈ വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ എഴുതിയിട്ടുണ്ട്.
11ആന്തരിക കൗമാരം (Interir Virginity)
അന്ത്യോഖ്യയിലെ ഇസഹാക്ക് ‘ആന്തരിക കൗമാരം’ എന്ന ആശയം ഉന്നയിക്കുന്നു. മാമോദിസയിൽ സ്വർഗീയ മണവാളനായ മിശിഹായുമായുള്ള വിവാഹ വാഗ്ദാനം എന്ന നിലയിലാണ് കൗമാരത്തിന്റെ ആത്മീയ വശം. ഒരു വിജാതീയ കവി നഷ്ടപ്പെട്ട കൗമാരം വീണ്ടും ലഭ്യമാകുമോ എന്ന് ചോദിച്ച് എഴുതിയ കവിതയ്ക്ക് ഇസഹാക്ക് മറുപടി നൽകിയത് ദൈവകൃപയാൽ മാമോദിസയിലൂടെ മിശിഹായിൽ നഷ്ടപ്പെട്ടകൗമാരം വീണ്ടും പുനർ നിർമ്മിക്കപ്പെടാം എന്നാണ്. അദ്ദേഹം മാമോദിസയെ അത്ഭുതകരമായ ഒരു ‘കന്യക ജനനം’ എന്നും വിശേഷിപ്പിക്കുന്നു. ഗർഭപാത്രത്തിലൂടെ അല്ലാതെയും ഗർഭധാരണം ഇല്ലാതെയും കൗമാരം പുതുതായി ജനിക്കുന്നു. . കൂടാതെ വിവാഹം കൗമാരത്തെ നശിപ്പിക്കുന്നതല്ല ദൈവനിയമപ്രകാരം നടക്കുന്ന ദാമ്പത്യ ബന്ധം കൗമാരത്തെ മലിനമാക്കുന്നില്ല എന്നും അദ്ദേഹം പഠിപ്പിക്കുന്നു.
12 മിശിഹായുടെ കുത്തി തുറക്കപ്പെട്ട തിരുവിലാവ്.
സുറിയാനി പാരമ്പര്യം കാവ്യാത്മകമായി മിശിഹായുടെ തിരുവിലാവ് കുന്തം കൊണ്ട് കുത്തിത്തുറന്നപ്പോൾ പുറപ്പെട്ട ജലവും രക്തവും മാമോദിസ (ജലം )കുർബാന (രക്തം) എന്നീ കൂദാശകളിലെ കൃപകളായി വ്യാഖ്യാനിക്കുന്നു. മാർ അപ്പ്രേം കുത്തി തുറക്കപ്പെട്ട തിരുവിലാവിനെ സ്വർഗ്ഗത്തിലേക്കുള്ള പ്രവേശന വാതിൽ ആയി ചിത്രീകരിക്കുന്നു. ഹെബ്രായ ലേഖനം 10 20 മിശിഹായുടെ ശരീരമാകുന്ന വിരിയിലൂടെ നവീനവും സജീവമായ ഒരു പാത തുറന്ന് തന്നിരിക്കുന്നു എന്ന് പറയുന്നു. പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിലെ മദ്ബഹായിലെ തിരശ്ശീലയാണ് കർത്താവിൻറെ തിരു ശരീരം. അത് കീറിമുറിച്ച് തുറക്കുന്നതിലൂടെയാണ് കൃപാവരവും സ്വർഗ്ഗത്തിലേക്കുള്ള പ്രവേശനവും ലഭിക്കുന്നത്. സാരൂകിലെ യാക്കോബ് കുരിശിൽ ഉറങ്ങിക്കിടന്ന മണവാളനായ മിശിഹായുടെ കുത്തി തുറക്കപ്പെട്ട പാർശ്വത്തിൽ നിന്ന് മണവാട്ടിയായ സഭ പിറക്കുന്നതായി പരാമർശിക്കുന്നു. ആദത്തിന്റെ ഉറക്കത്തിൽ അവൻറെ വാരിയെല്ല് എടുത്ത് ഉണ്ടാക്കിയ ഹവ്വയെ പോലെ. അതായത് അവിടുത്തെ കുത്തി തുറക്കപ്പെട്ട തിരുവിലാവിൽ നിന്നാണ് എല്ലാ കൃപകളും മനുഷ്യ വർഗ്ഗത്തിന് ലഭ്യമാകുന്നത്. ഇത് ലത്തീൻ പാരമ്പര്യത്തിലെ തിരുഹൃദയ ഭക്തിയോട് സമാന്തരമായി മനസ്സിലാക്കാം.
13 പ്രാർത്ഥന -ആന്തരിക യാഗം
പഴയ നിയമത്തിലെ യാഗങ്ങൾക്ക് പകരക്കാരിയാണ് ക്രിസ്തീയ പ്രാർത്ഥന. ഈ യാഗം ദൈവം വസിക്കുന്ന പുതിയ ആലയങ്ങളിൽ ( 1 കൊറിന്ത്യർ 3 16, 2 കൊറിന്ത്യർ 6: 16 ) നടക്കുന്നു. അത് മനുഷ്യഹൃദയം തന്നെയാണ്. ബുദ്ധിയും വികാരവും സംഗമിക്കുന്ന ആന്തര കേന്ദ്രം. തൻറെ നാലാം ഡെമോൺസ്ട്രേഷനിൽ ആന്തരിക പ്രാർത്ഥനകൾ ശുദ്ധ ഹൃദയത്തിൽ നിന്ന് ഉയർന്നു വരേണ്ടതാണെന്ന് പഠിപ്പിക്കുന്നു. . ഏഴാം നൂറ്റാണ്ടിലെ സഹദോന എന്ന പൗരസ്ത്യ സുറിയാനി സന്യാസി, വൈരാഗ്യം അഹങ്കാരം കപടത ഉദാസീനത കപട ഭക്തി എന്നിവയെ ഹൃദയത്തിൽ നിന്ന് വൃത്തിയാക്കി മാത്രമേ പ്രാർത്ഥനയെ യാഗമായി അർപ്പിക്കാവൂ എന്ന് പറയുന്നു. ഇത് ബുക്ക് ഓഫ് സ്റ്റഫ്സിലെ (The book of steps) മൂന്ന് തലത്തിലുള്ള സഭ എന്ന ആശയവുമായി ബന്ധപ്പെട്ടതാണ്.
സുറിയാനി: ദൈവം തിരഞ്ഞെടുത്ത ഭാഷ, വെളിപാടിന്റെ ഭാഷ, വിശുദ്ധ ഭാഷ
അറമായ ഭാഷ ദൈവം തിരഞ്ഞെടുത്ത ഭാഷയാണ്. പൂർവ്വ പിതാക്കന്മാരായ അവറാഹം, ഇസഹാക്ക്, യാക്കോബ് എന്നിവർ സംസാരിച്ച ഭാഷ അറമായ ഭാഷ തന്നെയാണ്. ദൈവം തന്നെയാണ് അവരെ തെരഞ്ഞെടുത്തത്. അപ്പോൾ അറമായ ഭാഷ ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട ഭാഷയാണ്. അതുകൊണ്ടുതന്നെയാണ് ദൈവപുത്രനും അതേ ഭാഷയിൽ സംസാരിക്കാൻ ദൈവം ആഗ്രഹിച്ചതും ഇസ്രായേൽ മക്കളെ ബാബിലോൺ പ്രവാസത്തിലൂടെ അറമായ ഭാഷ സംസാരിക്കുന്നവരാക്കിയതും.
ഇന്നത്തെ സീറോ മലബാർ സഭ ആ വിശുദ്ധ വെളിപാടിന്റെ ഭാഷയെ പൗരസ്ത്യ സുറിയാനി ആരാധന ക്രമത്തിലൂടെ ആദ്യ നൂറ്റാണ്ടിലെ ഉച്ചാരണം തന്നെ നിലനിർത്തിക്കൊണ്ടുപോകുന്നു എന്നുള്ളത് സീറോമലബാർ സഭ മക്കളുടെ ഒരു വലിയ ഭാഗ്യം തന്നെയാണ്.
ദൈവീക വെളിപാടുകളുടെ വിശുദ്ധ ഭാഷയാണ് അറമായയും സുറിയാനിയും. ദൈവീക വെളിപാടുകൾ മറ്റു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുമ്പോൾ അവയിലെ ആത്മീയ മധുരവും ധ്വനി പൂർണ്ണതയും നഷ്ടപ്പെടുന്നു. അതുകൊണ്ടുതന്നെയാണ് പല സുറിയാനി വാക്കുകളും വാചകങ്ങളും അതേപടി നിലനിർത്തേണ്ടത് വളരെ ആവശ്യമായിരിക്കുന്നത്. കർത്താവും ശ്ലീഹന്മാരും സംസാരിച്ച ഈ വാക്കുകളും വാചകങ്ങളും നിലനിർത്തുന്ന ഇന്നത്തെ പൗരസ്ത്യ സുറിയാനി ഭാഷയെ പരിപോഷിപ്പിക്കുകയും നിലനിർത്തുകയും ചെയ്യേണ്ടത് പൗരസ്ത്യ സുറിയാനി ആരാധന പാരമ്പര്യം തുടരുന്ന ഓരോ സീറോ മലബാർ വിശ്വാസിയുടെയും കടമയാണ്. ഈശോമിശിഹാ, റൂഹാദക്കുദിശ, കുർബാന, ശ്ലീഹാ, ശ്ലീവ, മാമോദിസ, ഓശാന, ആമേൻ, കന്തീശ, തുടങ്ങിയ പല വാക്കുകളും തർജ്ജമ ചെയ്യാതെ അതേപടി ഉപയോഗിക്കുകയും നമ്മുടെ പ്രാർത്ഥന പദസഞ്ചയത്തിൽ നിലനിർത്തുകയും ചെയ്യേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ചുമതലയാണ്.
Bibliography
Joseph Cardinal Ratzinger, Prefect, Congregation for the Doctrine of faith, a letter to the presidents of the Conferences of Bishops, 30 June 2000, note no. 8-12.
https://www.vatican.va/roman_curia/congregations/cfaith/documents/rc_con_cfaith_doc_20000630_chiese-sorelle_en.html accessed on 24/10/25
CCEO Canon 28
Barnard, the origins and emergence of the church in Edessa 175, Josua D Settles, an examination of the teachings of Ephraim the Syrian and Aphrahat the Persian sage and their implications for Christian discipleship in Africa E journal of religious and theological studies ERATS vol 8 issue 3 march 22 pp 68-88
Early Eastern Christianity
Bishop Abraham D Mattom, Historic setting of the East Syriac Theology, in Pauly Maniyattu, (Ed.) East Syriac Theology, as Introduction, 2007
Sebastian Brock, Spirituality in Syriac Tradition, SEERI, Kottayam
F C Burkitt, Early Eastern Christianity, St Margaret Lectures on the Syriac-speaking Church 1904, New York,
Holy Qurbana of Syro Malabar Church, Order of the RAZA, Sept 2025 (English)Second Anaphora, third g’hantha cycle p 177-178